Monday, March 16, 2009

മറക്കില്ലൊരിക്കലും

കാത്തിരിക്കുന്നു ഞാന്‍
കടവത്ത് നീ വന്നിറങ്ങുന്ന തോണിയില്‍
എനിക്കിന്ന് പോകണം .

പോകുന്ന നേരം തുടയ്ക്കണം കണ്ണുനീര്‍
പറയണം : "പ്രിയേ...മറക്കില്ലൊരിക്കലും ."

കനല്‍ കോരുമുയിരിന്‍ തഴക്കം പിഴയ്ക്കവേ
'വേണ്ട നീ ' എന്ന് ഞാന്‍ പിന്നെയും പാടുന്നു
പാടുന്ന വരികളില്‍ നീയില്ല നീവരും തോണി -
ഞാനോര്‍ക്കുന്നെനിക്കിന്നു പോകണം .

കൊല്ലാതെ രക്തം കറന്ന കുരുതിത്തളം
പ്രേതങ്ങളിണചേരുമിവിടം വെറുത്തു ഞാന്‍
പോകേണ്ടതെവിടെയെന്നറിയില്ലയെങ്കിലും
കാത്തിരിക്കാനോരാള്‍കടവത്തിറങ്ങണം .

പിരിയുന്ന നേരം പരസ്പരം നോക്കണം
"മറക്കില്ലൊരിക്കലും "വാക്കുകള്‍ പതറണം
"ഒറ്റയ്ക്കിരിക്കുവാനാവതില്ലെന്നെയും
കൊണ്ടു പോ" എന്നെന്നെ നോക്കി നീ കേഴണം
നിന്നെ ഞാന്‍ മാറോടു ചേര്‍ക്കണം തഴുകണം :
"മഴ തോര്‍ന്ന പുഴയാണ് തോണിയോ ചെറുതാണ് ."

17th November 1994

1 comment:

  1. വളരെ നന്നായിരിയ്ക്കുന്നു

    ReplyDelete