Sunday, March 8, 2009

അരങ്ങ്

ഏറെ അഭിനയിച്ചിന്നു നാം
നീറും ഉഷ്ണകിടക്കയില്‍
നഗരവേഗങ്ങളില്‍ ,ഏറെ
നാളിന്‍റെ രാസപകര്‍ച്ച നാം
പുകമറയ്ക്കുള്ളില്‍ എന്നും
മറക്കുന്ന ശിഥിലഭാവം .

രാവില്‍ കൃശാണുവിന്‍
നാദസ്വരങ്ങളില്‍
കാല്‍കുഴഞ്ഞാടും, മഴ-
വള്ളിയാകുന്നു ജീവിതം .

പടരും നിറങ്ങളായ്‌
ചമയങ്ങള്‍ അഴിയവേ
മനസിന്‍്റ ഛായകള്‍
മഴവില്ലുണര്‍ത്തവേ
ചിമിഴിനുള്‍ മുത്തായ്
ഉറങ്ങാന്‍ കൊതിക്കവേ
മഴവള്ളി തൂങ്ങി നാം
കീഴ്പോട്ടിറങ്ങണം .

കണ്ണുനീര്‍പുഴകളില്‍
തുളവീണ വഞ്ചിയില്‍
യാത്രയാക്കരുതിനി
സ്വപ്‌നങ്ങള്‍ സത്രം .

വൈകുവാന്‍ സമയമില്ലിരവിന്‍ കരങ്ങളില്‍
ജീവന്‍്റ അരസസ്പര്ശങ്ങളില്‍
വിരലില്‍ ,വൃണങ്ങളില്‍
ഓര്‍മ്മകള്‍ താളമാകുന്നു .

പകലിന്‍റെ
അലസയാമങ്ങളില്‍
വാക്കിന്‍റെ തൂക്കുപാലങ്ങളില്‍
വെറ്റ ചോദിക്കുന്ന
വേദമേത്?
രക്തം കുടിക്കുന്ന
പ്രതിമയേത്?

ചിതലാര്‍ന്ന തൊട്ടിലില്‍
അമ്മിഞ്ഞയാല്‍ ചീര്‍ത്ത
നാവിന്‍ വരമ്പില്‍,
ചകരിട്ട തൊടികളില്‍,
റാട്ടിന്‍ സ്വനങ്ങളില്‍
നിലവിളി ഒളിപ്പിച്ചതേതു കുഞ്ഞ്?

വെളിച്ചം വഴുക്കുന്ന
ചിന്തയുടെ കണ്ണുകള്‍ .

സമയ തീരങ്ങളില്‍
മരണ തീര്‍ത്ഥാടക വേഷം
ആടിതളര്‍ന്ന് അലിവുഴിഞ്ഞ്
അകലുന്നു മൌനകാലം .

ഏറെ നാം കണ്ടു പോയ്
വഴിവിളക്കില്‍ നീണ്ട
പ്രാണന്‍്റ നിഴലിനായ്
കാഴ്ച്ചയുടെ കാലുകളറുക്കുക.
ഉണരുവാന്‍ നേരമായ്
മരണ തിരശീലയ്ക്ക് പിന്നില്‍
ഇനിയിമൊരു നാടകം
ഒരുക്കുവാന്‍ നേരമായ് .

ഒക്ടോബര്‍ 1992

No comments:

Post a Comment