Sunday, March 29, 2009

കൊടിയേറ്റം

തകിലുകൊട്ടാംപുറത്തമ്മാന മേളം
കടും തുടിത്താളം കനല്‍ കുരുതിയാട്ടം
ദാഹത്തിനൊരു തുടം കള്ള് തായോ
കാമത്തിനൊരു പിടക്കോഴി തായോ .

കുടിലുകത്തുന്നേരം ഇറയത്തിരുന്നു -മുടി
കോതും കിടാത്തീ കരിംകാവിലുല്‍സവം
മുടിതെയ്യമാടി തിമിര്‍ത്തോ കുറത്തി
കുടം കള്ളിടുപ്പത്തെടുത്തോ കുറുമ്പി .

കിടാത്തി പോരാ എന്‍റെ നാഗതലൈവനെ
പൂജിച്ചുണര്‍ത്താന് മലംകാളി വേണം
കങ്കണമിളക്കാതെ അക്കാനി വാറ്റുന്ന
മലയത്തി മരുതേയി അരമണി കിലുക്കണം .

വേളാത്തി വേടത്തി കാണിമലയത്തി
മത്ത്മൂത്താടാം വിയര്ത്തിരവിലാടാം
താഴ്വരയിലുല്സവ കൊടിയേറ്റമല്ലോ
തേന്കുടമുടയ്ക്കാന്‍ ഒരുങ്ങെടി കറുമ്പി .

7th October 1996

Saturday, March 21, 2009

1970 ഒരു പ്രേമസല്ലാപം

അവന്‍ :
നിനക്കു ഞാനൊരു സ്വപ്നം തരാം
ആരാരും കാണാത്ത സ്വപ്നം തരാം
അവള്‍ :
നിന്നെ ഞാനിന്നലെ സ്വപ്നം കണ്ടു
ആ സ്വപ്നം മതി എനിക്കെന്നുമെന്നും

അവന്‍ :
കളിയാക്കരുതേ നീ എനിക്കൊരു മോഹം !
കടലോരത്താകാശം കണ്ടു മയങ്ങുന്ന
മണ്തരിയായ് ഞാന്‍ മാറിയാലോ ...?
അവള്‍ :
ഒരു തിരമുത്തായ് ഞാന്‍ തെന്നിവീഴും
നിന്നിലെന്നെക്കുമായ് വീണലിയും .

അവന്‍ :
കളിയാക്കരുതേ നീ എനിക്കൊരു മോഹം !
നിന്‍റെ കണ്പീലിയില്‍ വാടിവീഴുന്ന
കണ്ണുനീര്‍ പൂവായ് ഞാന്‍ മാറിയാലോ...?
അവള്‍ :
വാടിയ പൂക്കള്‍ ഞാന്‍ കോര്‍ത്തെടുക്കും
കണ്ണുനീര്‍ പൂത്താലി സ്വയം ചാര്‍ത്തും .

march 1994

Friday, March 20, 2009

സുഖം നഖസ്പര്‍ശം

സഖീ
നിന്‍ നഖസ്പര്‍ശം
കവിത കൊറുംബോള്‍
സുഖം
കണ്തടങ്ങളില്‍
രക്തം പൊടിക്കുന്നു .

വൃണമെന്‍ ധമനിയില്‍
നിന്‍ ലവണ മാംസം
കരിഞ്ഞടരും കറ .
"________ദക്ഷിണ
ഛര്‍ദ്ദിക്കരുതു."
ദ്രവിത രസനയില്‍
നിന്‍ നഖ ശിക്ഷണം
രക്തം മണത്തെന്നെ
രുചിച്ചു തീര്‍ക്കുന്നു
ഞാന്‍ നിനക്കിന്നലെ
തന്ന രാഗത്തിലെന്‍
മരണഗീതം കുറിക്കുന്നു
ഞാന്‍ നിനക്കമൃതാകുന്നു .

കൊന്നും പരസ്പരം
ജീവന്‍ പകുത്തും
ഓര്‍മ്മകള്‍ നേടുന്ന
ജീവിതാവര്‍ത്തനം
നിന്‍ നഖം മാത്രം
ചലിക്കുന്ന സത്രം .

ജീവിതം
നഖ ലെന്‍സിനിന്നു
പരീക്ഷണ സാധനം .
കരഞ്ഞതെങ്ങിനെ ?
ഓര്‍ക്കുവാന്‍ മാത്രം
മയക്കമെങ്ങിനെ
പഠിക്കുവാന്‍ മാത്രം
സത്ര നേത്രത്തില്‍
വെള്ളെഴുത്താം നമ്മെ നാം
ചുരണ്ടിയെടുക്കണം .

ഭയക്കുന്നതെന്തിനു ?
നിന്‍ നഖ ദംശനം
സുഖമാണെനിക്ക്
രക്തം മണത്തെന്നെ
രുചിച്ചു തീരുംബോള്‍
സുഖമോ നിനക്കു ?

january 21.1995

Monday, March 16, 2009

മറക്കില്ലൊരിക്കലും

കാത്തിരിക്കുന്നു ഞാന്‍
കടവത്ത് നീ വന്നിറങ്ങുന്ന തോണിയില്‍
എനിക്കിന്ന് പോകണം .

പോകുന്ന നേരം തുടയ്ക്കണം കണ്ണുനീര്‍
പറയണം : "പ്രിയേ...മറക്കില്ലൊരിക്കലും ."

കനല്‍ കോരുമുയിരിന്‍ തഴക്കം പിഴയ്ക്കവേ
'വേണ്ട നീ ' എന്ന് ഞാന്‍ പിന്നെയും പാടുന്നു
പാടുന്ന വരികളില്‍ നീയില്ല നീവരും തോണി -
ഞാനോര്‍ക്കുന്നെനിക്കിന്നു പോകണം .

കൊല്ലാതെ രക്തം കറന്ന കുരുതിത്തളം
പ്രേതങ്ങളിണചേരുമിവിടം വെറുത്തു ഞാന്‍
പോകേണ്ടതെവിടെയെന്നറിയില്ലയെങ്കിലും
കാത്തിരിക്കാനോരാള്‍കടവത്തിറങ്ങണം .

പിരിയുന്ന നേരം പരസ്പരം നോക്കണം
"മറക്കില്ലൊരിക്കലും "വാക്കുകള്‍ പതറണം
"ഒറ്റയ്ക്കിരിക്കുവാനാവതില്ലെന്നെയും
കൊണ്ടു പോ" എന്നെന്നെ നോക്കി നീ കേഴണം
നിന്നെ ഞാന്‍ മാറോടു ചേര്‍ക്കണം തഴുകണം :
"മഴ തോര്‍ന്ന പുഴയാണ് തോണിയോ ചെറുതാണ് ."

17th November 1994

എന്‍റെ കല്ലറയിലെ പൂജാബിംബം

ഇനിയും
ഉണര്‍ന്നിരിക്കണമെന്നും
വിളക്കണയരുതെന്നും
നിന്നോട് പറയുമ്പോഴെല്ലാം
അവന്‍ വരുകയില്ലെന്നും
വന്നാല്‍ വിരുന്നില്ലെന്നും
നീ പറയുന്നു : ചുംബിക്കുക.

നമ്മുടെ ചുംബനം
ഒഴിഞ്ഞ കല്ലറ പോലെ .

വെള്ള നിലയങ്കി ധരിച്ച
ഒരു കാവല്‍ക്കാരന്‍
നമ്മുടെ ചുണ്ടുകളിലുണ്ട് .
കാവല്‍ക്കാരന്‍
സുഗന്ധം പൂശുംബോള്‍
സ്തനങ്ങള്ക്കിടയില്‍
മുന്തിരി വള്ളി പോലെ
കല്ലറകള്‍ മൂടപ്പെടുന്നു .
തകര്‍ന്ന തൊഴുത്തില്‍
മരിച്ച മച്ചിപശുവിനോപ്പം
അടക്കപ്പെട്ടവന്‍
അധരമുനകളാല്‍
കൊര്‍ക്കപ്പെട്ടവന്‍
ചുംബനത്തിന്‍്റ
ജലമുനംബില്‍ നിന്നും
താഴ്വരയിലേക്കു ചാടുന്നു .

നിരത്തിലെ ചായ്പുകളില്‍
ഈന്തപ്പന കുരുത്തോലകള്‍
കടമെടുത്ത കഴുതപ്പുറത്ത്
ഒരു സ്വര്‍ണ വിഗ്രഹം
ഒരു രാജ്യത്തിന്‍റെ നഗ്നത
വിഗ്രഹത്തിനു കുപ്പായം
കുപ്പായത്തിനുള്ളില്‍
ഞാനും മച്ചിപശുവും .

"വിളക്കണയുംബോള്‍
എന്നെ ഉണര്‍ത്തുക
വിരുന്നോഴിയുംബോള്‍
എനിക്ക് മടങ്ങിപ്പോണം ."

സുഷിരം നിറഞ്ഞ
മുന്തിരിയില പോലെ
വിഗ്രഹം ചിരിച്ചു :
"കാമുകിയുടെ ചുണ്ട്
ഒരു ചൂണ്ടയാണ്
കാമുകന്‍ അതിലെ ഞണ്ടും ."

August 1995

Sunday, March 15, 2009

പ്രണയം

പ്രണയം പൂവനമാണ്
ഓരോ പൂവിനകത്തും പരവശയായ
ഓരോ കാമിനിയുണ്ട്
ചുണ്ടിനാല്‍ കൊരുക്കപ്പെടുംബോള്‍
അവളുടെ സീല്‍ക്കാരം
ശലഭങ്ങള്‍ നുകരുന്നു .

March-1994

Wednesday, March 11, 2009

ആകാശവും എന്‍റെ മനസ്സും

പ്രണയത്തിന്‍റെ നീലാകാശം കാണാന്‍
വെറുമൊരു മണ്‍തരിയായി
ഞാന്‍ കടല്‍ത്തീരത്ത്‌ കിടന്നു
എന്‍റെ ഇണക്കിളി
പറന്നകലും മുന്‍പ്
എനിക്ക് സമ്മാനിച്ചതാണ്‌ ഈ ആകാശം
ഇനി ഇവിടെ നക്ഷത്രങ്ങള്‍ വേണ്ട
എനിക്ക് പുതയ്ക്കാന്‍ ഈ പൊന്‍തൂവല്‍ മതി .

December 1992

Monday, March 9, 2009

കണ്ണുനീര്‍ പക്ഷികള്‍

പിന്നെയും
മരണത്തിന്‍ നിഴല്‍ പോടിലെന്തിനോ
കൂടൊരുക്കുന്നു കണ്ണുനീര്‍ പക്ഷികള്‍ .

പഴയ മുറ്റത്തെ മഴമുല്ല പൂത്തനാള്‍
മഴയിലയിലാകാശമൊഴികള്‍ തിരഞ്ഞതും
തുംബിതുള്ളും പുഴക്കാറ്റിന്‍ ചിലംബണി-
ഞ്ഞുത്സവക്കാവിലിരവായണഞ്ഞതും
പരസ്പരം കണ്ടതും
കാണാത്ത പൊന്നിന്‍ കിനാവായലഞ്ഞതും
ഓര്‍ക്കുന്നു പക്ഷികള്‍ കണ്ണുനീര്‍ പക്ഷികള്‍ .

കരയരുത് തോഴീ
അകക്കാവിലോര്മകള്‍ ചുഴലി കുത്തുമ്പോഴും
തളിരിലകള്‍ കാറ്റത്തടര്‍ന്നു വീഴുമ്പോഴും
കൊക്കുരുമ്മാതെ കണ്ണുകളടഞ്ഞുപോകുമ്പോഴും
കരയരുത് തോഴീ
ചിറകു ഞാനേകാം
(മരണമഴ നനയുന്ന ദേഹം വിതുമ്പവേ
ആണ്‍പക്ഷി കുടയുന്നു സാന്ത്വനചിറകുകള്‍)
"കരയരുത് തോഴീ
ചിറകു ഞാനെകാം
പറന്നകലെ മായുക
പ്രാണന്‍റെ വേനല്‍ ചിരാതുകളണയ്ക്കുക
കണ്ണുകള്‍ മറയാതെ കാണാം പരസ്പരം".

"വേണ്ടെനിക്കുനിന്‍ സാന്ത്വനച്ചിറകുകള്‍"
പെണ്‍പക്ഷി ചൊല്ലുന്നു:
"ചേര്‍ന്നിരിക്കരുത് നാം
ഇലഞരമ്പുകള്‍ മെടഞ്ഞു നീ കൂടൊരുക്കരുത്
കൊതി തീര്‍ന്നെനിക്ക് നിന്‍ വിറയാര്‍ന്ന ചുംബനം" .

തമോമയം കാനനം
ഒരു മരം കത്തുന്നു
മിന്നുന്നു തീനിറം പ്രാണവേഗങ്ങളില്‍
മഴപെയ്തിറങ്ങുന്നു തിന്നുന്നു തീനിറം
തുള്ളുന്നു കോമരം വൃക്ഷത്തലപ്പുകള്‍
ഇണചേര്‍ന്നു കൊത്താനടുക്കുന്നു നിഴലുകള്‍
കടകരിഞ്ഞകലെയൊരു തേന്മരം വീഴുന്നു
കാറ്റിന്‍ മുടിതെയ്യമാടും തിരക്കൊമ്പില്‍
ഉയിരുണങ്ങാത്ത ചിറകുകള്‍ പിടയുന്നു
പിന്നെയും
കൊക്കുരുമ്മുന്നു കണ്ണുനീര്‍ പക്ഷികള്‍
പരസ്പരം തിന്നുന്നു കണ്ണുനീര്‍ പക്ഷികള്‍ .

പ്രണയം;ദൂരെയാണൊരു കൂടാണ്
ഇടിത്തീ പടര്‍ന്ന തേന്മാവിലാണ്.

ഓഗസ്റ്റ്‌ 1994

Sunday, March 8, 2009

പാഠം ഒന്ന്

നിങ്ങളെന്നെ ജീവിക്കാന്‍ പഠിപ്പിച്ചു
ഞാനോ
ജീവിതത്തില്‍ നിന്നും പഠിച്ചു .

December 1992

അരങ്ങ്

ഏറെ അഭിനയിച്ചിന്നു നാം
നീറും ഉഷ്ണകിടക്കയില്‍
നഗരവേഗങ്ങളില്‍ ,ഏറെ
നാളിന്‍റെ രാസപകര്‍ച്ച നാം
പുകമറയ്ക്കുള്ളില്‍ എന്നും
മറക്കുന്ന ശിഥിലഭാവം .

രാവില്‍ കൃശാണുവിന്‍
നാദസ്വരങ്ങളില്‍
കാല്‍കുഴഞ്ഞാടും, മഴ-
വള്ളിയാകുന്നു ജീവിതം .

പടരും നിറങ്ങളായ്‌
ചമയങ്ങള്‍ അഴിയവേ
മനസിന്‍്റ ഛായകള്‍
മഴവില്ലുണര്‍ത്തവേ
ചിമിഴിനുള്‍ മുത്തായ്
ഉറങ്ങാന്‍ കൊതിക്കവേ
മഴവള്ളി തൂങ്ങി നാം
കീഴ്പോട്ടിറങ്ങണം .

കണ്ണുനീര്‍പുഴകളില്‍
തുളവീണ വഞ്ചിയില്‍
യാത്രയാക്കരുതിനി
സ്വപ്‌നങ്ങള്‍ സത്രം .

വൈകുവാന്‍ സമയമില്ലിരവിന്‍ കരങ്ങളില്‍
ജീവന്‍്റ അരസസ്പര്ശങ്ങളില്‍
വിരലില്‍ ,വൃണങ്ങളില്‍
ഓര്‍മ്മകള്‍ താളമാകുന്നു .

പകലിന്‍റെ
അലസയാമങ്ങളില്‍
വാക്കിന്‍റെ തൂക്കുപാലങ്ങളില്‍
വെറ്റ ചോദിക്കുന്ന
വേദമേത്?
രക്തം കുടിക്കുന്ന
പ്രതിമയേത്?

ചിതലാര്‍ന്ന തൊട്ടിലില്‍
അമ്മിഞ്ഞയാല്‍ ചീര്‍ത്ത
നാവിന്‍ വരമ്പില്‍,
ചകരിട്ട തൊടികളില്‍,
റാട്ടിന്‍ സ്വനങ്ങളില്‍
നിലവിളി ഒളിപ്പിച്ചതേതു കുഞ്ഞ്?

വെളിച്ചം വഴുക്കുന്ന
ചിന്തയുടെ കണ്ണുകള്‍ .

സമയ തീരങ്ങളില്‍
മരണ തീര്‍ത്ഥാടക വേഷം
ആടിതളര്‍ന്ന് അലിവുഴിഞ്ഞ്
അകലുന്നു മൌനകാലം .

ഏറെ നാം കണ്ടു പോയ്
വഴിവിളക്കില്‍ നീണ്ട
പ്രാണന്‍്റ നിഴലിനായ്
കാഴ്ച്ചയുടെ കാലുകളറുക്കുക.
ഉണരുവാന്‍ നേരമായ്
മരണ തിരശീലയ്ക്ക് പിന്നില്‍
ഇനിയിമൊരു നാടകം
ഒരുക്കുവാന്‍ നേരമായ് .

ഒക്ടോബര്‍ 1992

Saturday, March 7, 2009

വന്നവഴി

മറക്കരുത് മകനേ വന്ന വഴി എന്ന് നീ പറയരുത്
കനല്‍കോരി വിതറുന്നു വന്ന വഴി നിറയെ ഞാന്‍ .

കനവടുപ്പുകള്‍ അണഞ്ഞിരിക്കുന്നു
പുകയിലോര്‍മകള്‍ കറുത്തിരിക്കുന്നു
കാഴ്ചയില്‍ നിന്നിറുത്തെടുക്കവേ
പ്രണയവിത്തുകള്‍ കരിഞ്ഞിരിക്കുന്നു.

ഇത്രനാള്‍ വിയര്‍ത്തുഴവെടുത്തൊരാ
ജീവിതച്ചേറുണങ്ങുന്നു
ഇത്രനാള്‍ രക്തം തുളുംബാത്ത ചിന്തതന്‍
വേനല്‍ വരമ്പുകള്‍ പൊട്ടുന്നു
ഇത്രനാള്‍ സ്നേത്തിനുള്‍ക്കുടം കാണാത്ത
കണ്ണുകള്‍ പെയ്തിറങ്ങുന്നു.

മുന്നില്‍ വഴികള്‍ രണ്ടായി പിരിയുന്നു
പിന്നില്‍ വഴികള്‍ ഒന്നായി വിളിക്കുന്നു

7th Jamuary 2004

Friday, March 6, 2009

പിറകില്‍ ആരോ വിളിക്കുന്നു

പിറകില്‍ ആരോ വിളിക്കുന്നു
തിരിഞ്ഞു നോക്കുമ്പോള്‍
പിറകിലാരോ വിളിക്കുന്നു പിന്നെയും .

പേടിതോനുന്നു
നഗര ഭിത്തികള്‍ക്കിടയിലെ
നടവഴിയിലൊറ്റയ്ക്കു ഞാന്‍
ശബ്ദമുനകളില്‍ പാദം തറഞ്ഞിരിക്കുന്നു.
പ്രതിധ്വനികളില്‍ അറ്റുപോകുന്നു
നിശ്വാസ ഞാണുകള്‍ .

ശബ്ദം ദൃശ്യമാകുന്നു!
എന്‍ വലം കണ്ണിനൊത്ത നേര്‍ക്കെന്‍-
ഇടംകണ്ണായതുരുളുന്നു
റെറ്റിനയിലെന്‍ വിപരീത രൂപം.

പേടിതോനുന്നു
പിറകിലാരോ വിളിക്കുന്നു
പിന്നെയും....പിന്നെയും...

January 2002

Thursday, March 5, 2009

യൌവനം

വറ്റില്ലോരിക്കലും നെഞ്ച് ഇടിഞ്ഞൂറുന്ന
പാപകടല്‍ കര തകര്‍ക്കുന്ന യൌവനം
നിറയ്ക്കും ഇന്നു നിന്‍ കാമക്കുടം
എത്ര നിറയ്ക്കിലും തുളുംബാത്തതെന്കിലും

April-1994