Monday, March 9, 2009

കണ്ണുനീര്‍ പക്ഷികള്‍

പിന്നെയും
മരണത്തിന്‍ നിഴല്‍ പോടിലെന്തിനോ
കൂടൊരുക്കുന്നു കണ്ണുനീര്‍ പക്ഷികള്‍ .

പഴയ മുറ്റത്തെ മഴമുല്ല പൂത്തനാള്‍
മഴയിലയിലാകാശമൊഴികള്‍ തിരഞ്ഞതും
തുംബിതുള്ളും പുഴക്കാറ്റിന്‍ ചിലംബണി-
ഞ്ഞുത്സവക്കാവിലിരവായണഞ്ഞതും
പരസ്പരം കണ്ടതും
കാണാത്ത പൊന്നിന്‍ കിനാവായലഞ്ഞതും
ഓര്‍ക്കുന്നു പക്ഷികള്‍ കണ്ണുനീര്‍ പക്ഷികള്‍ .

കരയരുത് തോഴീ
അകക്കാവിലോര്മകള്‍ ചുഴലി കുത്തുമ്പോഴും
തളിരിലകള്‍ കാറ്റത്തടര്‍ന്നു വീഴുമ്പോഴും
കൊക്കുരുമ്മാതെ കണ്ണുകളടഞ്ഞുപോകുമ്പോഴും
കരയരുത് തോഴീ
ചിറകു ഞാനേകാം
(മരണമഴ നനയുന്ന ദേഹം വിതുമ്പവേ
ആണ്‍പക്ഷി കുടയുന്നു സാന്ത്വനചിറകുകള്‍)
"കരയരുത് തോഴീ
ചിറകു ഞാനെകാം
പറന്നകലെ മായുക
പ്രാണന്‍റെ വേനല്‍ ചിരാതുകളണയ്ക്കുക
കണ്ണുകള്‍ മറയാതെ കാണാം പരസ്പരം".

"വേണ്ടെനിക്കുനിന്‍ സാന്ത്വനച്ചിറകുകള്‍"
പെണ്‍പക്ഷി ചൊല്ലുന്നു:
"ചേര്‍ന്നിരിക്കരുത് നാം
ഇലഞരമ്പുകള്‍ മെടഞ്ഞു നീ കൂടൊരുക്കരുത്
കൊതി തീര്‍ന്നെനിക്ക് നിന്‍ വിറയാര്‍ന്ന ചുംബനം" .

തമോമയം കാനനം
ഒരു മരം കത്തുന്നു
മിന്നുന്നു തീനിറം പ്രാണവേഗങ്ങളില്‍
മഴപെയ്തിറങ്ങുന്നു തിന്നുന്നു തീനിറം
തുള്ളുന്നു കോമരം വൃക്ഷത്തലപ്പുകള്‍
ഇണചേര്‍ന്നു കൊത്താനടുക്കുന്നു നിഴലുകള്‍
കടകരിഞ്ഞകലെയൊരു തേന്മരം വീഴുന്നു
കാറ്റിന്‍ മുടിതെയ്യമാടും തിരക്കൊമ്പില്‍
ഉയിരുണങ്ങാത്ത ചിറകുകള്‍ പിടയുന്നു
പിന്നെയും
കൊക്കുരുമ്മുന്നു കണ്ണുനീര്‍ പക്ഷികള്‍
പരസ്പരം തിന്നുന്നു കണ്ണുനീര്‍ പക്ഷികള്‍ .

പ്രണയം;ദൂരെയാണൊരു കൂടാണ്
ഇടിത്തീ പടര്‍ന്ന തേന്മാവിലാണ്.

ഓഗസ്റ്റ്‌ 1994

1 comment: