Monday, March 16, 2009

എന്‍റെ കല്ലറയിലെ പൂജാബിംബം

ഇനിയും
ഉണര്‍ന്നിരിക്കണമെന്നും
വിളക്കണയരുതെന്നും
നിന്നോട് പറയുമ്പോഴെല്ലാം
അവന്‍ വരുകയില്ലെന്നും
വന്നാല്‍ വിരുന്നില്ലെന്നും
നീ പറയുന്നു : ചുംബിക്കുക.

നമ്മുടെ ചുംബനം
ഒഴിഞ്ഞ കല്ലറ പോലെ .

വെള്ള നിലയങ്കി ധരിച്ച
ഒരു കാവല്‍ക്കാരന്‍
നമ്മുടെ ചുണ്ടുകളിലുണ്ട് .
കാവല്‍ക്കാരന്‍
സുഗന്ധം പൂശുംബോള്‍
സ്തനങ്ങള്ക്കിടയില്‍
മുന്തിരി വള്ളി പോലെ
കല്ലറകള്‍ മൂടപ്പെടുന്നു .
തകര്‍ന്ന തൊഴുത്തില്‍
മരിച്ച മച്ചിപശുവിനോപ്പം
അടക്കപ്പെട്ടവന്‍
അധരമുനകളാല്‍
കൊര്‍ക്കപ്പെട്ടവന്‍
ചുംബനത്തിന്‍്റ
ജലമുനംബില്‍ നിന്നും
താഴ്വരയിലേക്കു ചാടുന്നു .

നിരത്തിലെ ചായ്പുകളില്‍
ഈന്തപ്പന കുരുത്തോലകള്‍
കടമെടുത്ത കഴുതപ്പുറത്ത്
ഒരു സ്വര്‍ണ വിഗ്രഹം
ഒരു രാജ്യത്തിന്‍റെ നഗ്നത
വിഗ്രഹത്തിനു കുപ്പായം
കുപ്പായത്തിനുള്ളില്‍
ഞാനും മച്ചിപശുവും .

"വിളക്കണയുംബോള്‍
എന്നെ ഉണര്‍ത്തുക
വിരുന്നോഴിയുംബോള്‍
എനിക്ക് മടങ്ങിപ്പോണം ."

സുഷിരം നിറഞ്ഞ
മുന്തിരിയില പോലെ
വിഗ്രഹം ചിരിച്ചു :
"കാമുകിയുടെ ചുണ്ട്
ഒരു ചൂണ്ടയാണ്
കാമുകന്‍ അതിലെ ഞണ്ടും ."

August 1995

No comments:

Post a Comment