Saturday, April 25, 2009

ഏകാന്തം

സോഹന്‍ലാലിന്‍്റെ കവിതകള്‍

സോഹന്‍ലാല്‍

ജനനം : നവംബര്‍ 14,1976 .
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം ,വെബ്ഡിസൈനിംഗില്‍ പി.ജി ഡിപ്ലോമ .
ടി.വി പ്രോഗ്രാം നിര്‍മാണത്തില്‍ 15 വര്ഷത്തെ പ്രവൃത്തി പരിചയം .
ഇന്ത്യവിഷന്‍ ,മിഡില്‍ ഈസ്റ്റ് ടെലിവിഷന്‍ ,ജീവന്‍ ടി.വി,അമൃത ടി.വി എന്നീ ചാനലുകളില്‍ ഉദ്യോഗസ്ഥനായിരുന്നു .മാധവിക്കുട്ടിയുടെ കഥ ആസ്പദമാക്കി സംവിധാനം ചെയ്ത "നീര്‍മാതളത്തിന്റെ പൂക്കള്‍ "എന്ന ടെലിഫിലിം അഞ്ചു സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അവാര്ഡുകള്‍ക്ക് അര്‍ഹമായി.സോഹന്‍ലാല്‍ എഴുതി സംവിധാനം ചെയ്ത "ഓര്ക്കുക വല്ലപ്പോഴും " എന്ന ചലച്ചിത്രം 2009 ജനുവരി മാസം കേരളത്തിലെ തീയറ്ററുകളിലെത്തി .

വിലാസം :GNA177,Gandhinagar ,Vazhuthacadu ,TVM-14,Kerala,India
mobile : +919847055525
e-mail : festival@sohanlal.com
website : www.sohanlal.com


Tuesday, April 21, 2009

സിരകളില്‍ ലഹരിയും
ഹൃദയത്തില്‍ പ്രണയവുമായി
പടിയിറങ്ങിയ കൌമാരം .
ലക്ഷ്യം കവിത മാത്രമായിരുന്നു .
കവിത ലഹരിയായിരുന്നു ,പ്രണയമായിരുന്നു .

ഈ ബ്ലോഗ് ആ കാലത്തിന്‍റെ ഓര്‍മയ്ക്ക് .

സോഹന്‍ലാല്‍

Wednesday, April 15, 2009

ലക്ഷ്യം

അന്പത്തിയൊന്നിരുംബാണിയുണ്ട്
രാകി മിനുക്കി നേര്പിച്ചിടേണം
മിടിക്കുന്ന നെഞ്ഞത്തിലാഴ്ത്തിടേണം
ചുവപ്പിച്ചു കല്ലില്‍ തറച്ചിടേണം .

17th April 1992

ഡിസംബര്‍

പുതിയ പാഠപുസ്തകം
അക്കങ്ങളില്ലാത്ത
ഒരു കലണ്ടറായിരുന്നു
ആദ്യ പാഠം : യാത്രാമൊഴി .

22nd August 1994

ആദ്യരാത്രി

പ്രഭാതം .
ഞാന്‍ മുളക് തിന്നുകയായിരുന്നു
പെട്ടെന്ന് നിന്നെയോര്‍ത്തു
നീയില്ലാത്ത രാത്രി
എനിക്ക് ആദ്യരാത്രിയായിരുന്നു .

22nd August 1994

മുണ്ഡനം

ഇതെങ്ങനെ സംഭവിച്ചു ?

തലനാരിഴ കരിഞ്ഞ മണം
കൊച്ചുതൊമ്മനെ തട്ടിയുണര്‍ത്തി
ഉറക്കം മുറിഞ്ഞ അസ്വസ്ഥത
തൊമ്മന്‍ തല ചൊറിഞ്ഞു
നഖങ്ങള്‍ പൊള്ളുന്നു
അവന്‍ കമിഴ്ന്നു കിടന്നു
ഒരു സ്വപ്നം കണ്ടെങ്കില്‍ ...

ഗുഡ് മോര്‍ണിംഗ് .
അയ്യോ ! ഇതെങ്ങനെ സംഭവിച്ചു ?
ഞാനറിയാതെ എന്‍റെ ശിരസ്സ്‌
മുണ്ഡനം ചെയ്തതാരാണ് ?

ഷേവിംഗ് സെറ്റ് വാങ്ങിയപ്പോള്‍
സൌജന്യമായി കിട്ടിയതാണ്
ഈ ലൈറ്റര്‍
ഞാന്‍ വില്‍സിനു തീ കൊളുത്തി
ഇന്നത്തെ ചിന്താവിഷയത്തിനായി
ശിരസില്‍ തടവി
അയ്യയ്യോ !ഇതെങ്ങനെ സംഭവിച്ചു ?
ഇനി ഞാന്‍ എങ്ങനെ ചിന്തിക്കും?

ഷവര്‍ തുറന്നപ്പോള്‍
പുരുഷമോചനം സിന്ദാബാദ്
എന്നാലും ഇതെങ്ങനെ സംഭവിച്ചു?
ഒന്നും സംഭവിച്ചിട്ടില്ലെന്നും
എല്ലാം തോന്നലാണെന്നും
ഇന്നെലെയും ഇങ്ങനെയായിരുന്നെന്നും
തൊമ്മന്‍ സ്വയം വിശ്വസിപ്പിച്ചു ,ആഹ്ലാദിച്ചു .

"മൊട്ടത്തലയന്‍ ...കൊച്ചുതൊമ്മന്‍....
ലാലലാ... "
സോറി ഗേള്‍സ് !!
"നോക്കെടി ത്രേസ്സിയെ
നിന്‍റെ തൊമ്മന്‍ തൊപ്പിക്കാരന്‍ "
കൊച്ചു തൊമ്മന്‍ തൊപ്പിയൂരി
ത്രേസ്യകൊച്ചു മുഖം ചുളിച്ചു .
"എന്‍റെ ഈശോ...എന്‍റെ തൊമ്മന്‍
മൊട്ടത്തലയനായെ..."

പെണ്ണുങ്ങള്‍ കരഞ്ഞു,ചിരിച്ചു .
കൊച്ചുതൊമ്മന്‍ തലതിരിച്ചു
എന്നാലും ഇതെങ്ങനെ സംഭവിച്ചു ?

21st September 1996

താണ്ഡവം

മന്ത്രോച്ചാരണ ശൈലിയില്‍ വന്നെത്തു-
മോങ്കാരാമൃതവാണികള്‍ രാത്രികള്‍
നക്രബാഷ്പം പൊഴിക്കും ത്രിസന്ധ്യ-
തന്നുഷ്ണചക്രം തിരിക്കുന്ന മാത്രയില്‍ .

രാത്രി ; അജ്ഞാതനാം ശത്രുവിന്‍ ശസ്ത്രം
ചുമന്നെത്തും മനോധര്‍മസ്യന്ദനം
കാലത്രയമൊത്തു ചേര്ന്നേകതാളമാം
താണ്ഡവം ;തുടരുമന്തരാകാശമണ്ഡപം .

പ്രംശുരൂപം ധരിച്ചങ്കാരവേഗത്തി -
ലൊഴുകുന്ന മോഹാന്ധചിത്തമാം രാത്രിയെ
നീളെ നക്ഷത്രജായകമണിഞ്ഞൊരീ-
നാഗഫണത്താലി ചാര്‍ത്തും വിനേത്രിയെ
കണ്ടിരിക്കും കിനാവിനുള്‍കണ്ണിലും
പ്രാകുന്നു പരിഭവം രുദ്രാക്ഷമുത്തശ്ശി :
"രാത്രിയില്‍ യാത്രയരുതെരിയുന്ന സം-
ഭ്രമവസനം ധരിക്കണം ,കത്തിയില്‍
ചുണ്ണാമ്ബുമായേ നടക്കണം ,പാലയില്‍ -
മന്വന്തരം ബന്ധുരോന്മാദമായിടാം ."

രാത്രിയില്‍ ക്രൂരമറിവിന്‍ പൊക്കിള്‍ക്കൊടി
ചുരത്തിടാം മദ്യം മുലക്കുടന്നയില്‍
ചോരിവായാല്‍ തപ്പി മുലകുടിച്ചിടാം ,
ഉഷ്ണത്തിന്‍ മൃതപിണ്ഡങ്ങളോര്മ്മകള്‍ .

ഓര്‍മ്മകള്‍ ; കാര്മുകില്‍ക്കാരാഗാരം
തകര്‍ത്തെത്തും നീര്മണികൂട്ടങ്ങള്‍
വന്ധ്യയാമരണിയില്‍ നിന്നായിരം നാവുള്ളൊ -
രുഷസ്സിന്‍ ഭാവസ്പന്ദം ; ചുഴറ്റുന്നൂ കിഴ -
ക്കാസുരവാളുകള് കൊഴുത്തു ചുവന്നുള്ള
പൈക്കളെ അറുക്കുവാന്‍ .

ധ്യനദ്യോവിലിടനെഞ്ഞുയിര്നാളങ്ങളഞ്ജും -
പൊലിഞ്ഞജ്ഞാതശത്രുവിന് സ്യന്ദനം
മടക്കയാത്രയ്ക്കുമുന്പെടുക്കുന്നു ; ദുരിത -
ഭാണ്ഡമാം ചിത്തത്തിനുഗ്രപ്രതിഷ്ഠയാമോര്മ്മകള് .

ക്രൂരദുര്‍മൃതിഭീതിയാര്‍ത്തണഞ്ഞെത്തുന്നു-
പുലര്‍കാറ്റിനാജ്ഞാലസ്യം ഉയിരായുണര്‍ത്തുന്നു .

27th May 1995

ഏകാന്തം

ജീവിതം പിന്നെയും ഭ്രാന്തമാകുന്നു
വിരലുകള്‍ക്കിടയില്‍ അതേ കരിക്കട്ട
ഭ്രാന്താലയത്തില്‍
കറുത്ത ചുവരുകള്‍ തിരക്കുന്നു .

22nd March 1992

കടല്‍ മുറ്റത്തെ രാത്രികള്‍

അമാവാസി രാവിന്‍റെ വാര്‍മുടിയില്‍
ഒന്നായലിഞ്ഞു പിന്നെയും കടലുമാകാശവും .

അയഞ്ഞ മടിശീലയില്‍
ഉതിര്‍ന്ന ശീതേന്ദു തിരയുന്നു
പിണരിന്റെ കൈകളാല്‍
ക്ഷണികസൂര്യന്‍ .

മിന്നാമിനുങ്ങിന്റെ നിരപോലെ തിരകള്‍
പാറുന്ന കൂന്തലിന്‍ തുന്നത്തിലാടുന്നു .

കടലിനും കുടിലിനും നടുവില്‍
ഒരു നീണ്ട പുകക്കുഴല്‍
കുടിലിന്റെ ചുണ്ടുകള്‍
ആളിയണഞ്ഞ തീക്കട്ട തേടുന്നു
ചാരം പോലെ
ചിതറുന്നു തിരകള്‍ .

നാണവും നക്ഷത്രനാവും കരിഞ്ഞ രാത്രി
പനിപ്പേ പിടിച്ചു ഞാന്‍ ചിരിക്കുന്നു .

ചാളത്തടി തുപ്പലിലാടുന്നു
കണ്ണുനീര്‍ കുത്തിയ കവിള്‍പുണ്ണ്
എനിക്ക് പ്രണയാര്ബുദമെന്നു
നിലവിളിക്കുന്നു ചങ്ങാതി .

കൊളിളക്കുന്നു കാറ്റു
മണ്ണിലും മനസിലും ശവമന്‍്ജം
രാത്രിയും പ്രണയവും യാത്രയാകുന്നു .

കാത്തിരുന്നവളെ കാത്തിരുന്നു
കടലോരകവിളില്‍
നുണക്കുഴികുത്തി കാത്തിരുന്നു
കൈത്തിരി കുഴഞ്ഞു വീഴുന്നു
കിനാവല്ലി കത്തുന്നു .

മറന്നുപോയ പ്രണയം തേടി
നക്ഷത്രങ്ങള്‍
ഭൂമിയില്‍ പെയ്തിറങ്ങുന്നു .

17th March 1992

Friday, April 10, 2009

തടസ്സം

അതിനാല്‍ ,അമ്പിളി എന്ന് തന്നെ പറയാം
ചന്ദ്രനെന്ന പേരു പലര്‍ക്കും ഉണ്ട് .

തൊട്ടുകളിക്കുന്ന നാട്യത്തോടെയാണ്
ഞാനവനെ പിടിച്ചത്
വല്ലാത്ത വികൃതിയാ
ഞാനുണ്ടോ വിടുന്നു
ഉയര്‍ത്തിയ കൈപ്പത്തികള്‍ക്കിടയില്‍
പിടയ്ക്കുന്ന ചന്ദ്രനുമായി ഞാന്‍ തിരിച്ചു വന്നു .

ഗതികേട് നോക്കണേ
ഭൂമിക്കെന്റെ തലയുടെ വലിപ്പമേയുള്ളു
എനിക്ക് പാവം തോന്നി
ഞാന്‍ തുടകള്‍ക്കിടയില്‍ ഭൂമിയെ അമര്‍ത്തി .

പതിവ്രത
പിടയ്ക്കുന്നില്ല
സുഖിക്കുന്നുണ്ടാവും
പക്ഷെ ,എനിക്കിനി പറക്കാനേ കഴിയൂ.

22nd SEPTEMBER 1994